Wednesday, 26 June 2013

പ്രണയത്താല്‍ പൊള്ളുന്ന ചില വരികള്‍

''പ്രണയത്തെക്കുറിച്ച് നീ ചോദിക്കുന്നു. അത് വളരെ ഡീപ് ആയ ഒരു ഇന്‍ഫ്ലവന്‍സാണ്. അതുകൊണ്ട് ജീവിതവും കവിതയും കലാപവും ആത്മഹത്യയും സംഭവിക്കാം.! പ്രണയം എന്ന സംഭവം ഇന്നില്ല. പ്രണയത്തെക്കുറിച്ച് ഇന്ന് പറയുക എന്നത്, കൊടുംമഴയത്ത് വെയില്‍ കായുന്നതുപോലെയാണ്. പ്രണയത്തിന്റെ രുചി പകര്‍ന്നുതരുന്ന കവിതകള്‍ ഇന്നാരുമെഴുതുന്നില്ല. ഓമനേ... എന്നു പറഞ്ഞാല്‍ പ്രണയമാവില്ല. ഓമന ഒരു വഴിക്കങ്ങുപോകും. അല്‍സേഷ്യനുള്ള ഒരു വീട്ടില്‍ ഞാന്‍ പ്രണയിച്ചിട്ടുണ്ട്. ഞാന്‍ മതിലെടുത്തു ചാടിയിട്ടല്ലേ പോന്നത്. പട്ടി എന്നെ കൊണ്ടു പോയി ആ വീട്ടില്‍ വിട്ടു. മനുഷ്യനേക്കാള്‍ സ്‌നേഹവും അടുപ്പവും അറിവുമുണ്ട് ആ മൃഗത്തിന് എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം...'' എ.അയ്യപ്പന്‍

''നീ ജനിക്കുന്നതിന്‍ മുമ്പു
നിന്നെ സ്‌നേഹിച്ചിരുന്നു ഞാന്‍
കാണുന്നതിന്‍ മുമ്പു നിന്നെ
കണികണ്ടുതുടങ്ങി ഞാന്‍.
പാതതോറും നിന്‍വെളിച്ചം
പടരും നിഴല്‍ പാകവെ
പാന്ഥ നീയെന്‍ ജഠരത്തി
ന്നുള്ളിലേക്കോ നടക്കുന്നു.
നീയുറങ്ങുന്നതിന്‍ മുമ്പു
നിന്നെയോര്‍ത്തു മയങ്ങി ഞാന്‍
നീ മരിക്കാതിരിക്കുവാന്‍
നിനക്കായി മരിച്ചു ഞാന്‍ '' ഡി. വിനയചന്ദ്രന്‍

''പ്രിയേ, നീ ആ പൂവ് എന്ത് ചെയ്തു?
ഏത് പൂവ് ?
രക്തനക്ഷത്രം പോലെ
കടും ചെമപ്പ് നിറമാര്‍ന്ന ആ പൂവ്...
അതോ, തിടുക്കപ്പെട്ട് അറിയുന്നതെന്തിന്?
ചവിട്ടി അരച്ചു കളഞ്ഞോ എന്നറിയാനാ.
കളഞ്ഞെങ്കിലെന്ത് ?
ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത്...'' ബഷീര്‍

''നിന്റെ ശരീരം
എന്റെ തടവറയാണ്,
കൃഷ്ണാ
അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല.
നിന്റെ കറുപ്പ്
എന്നെ അന്ധയാക്കുന്നു
നിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍
സമര്‍ത്ഥമായ ലോകത്തിന്റെ
ആരവത്തെ പുറത്തിട്ടടയ്ക്കുന്നു.'' മാധവിക്കുട്ടി

''ഞാന്‍ പക്ഷിച്ചന്തയില്‍ പോയി
പക്ഷികളെ വാങ്ങി
ഓമനേ, നിനക്കുവേണ്ടി
ഞാന്‍ പൂച്ചന്തയില്‍ പോയി
പൂക്കള്‍ വാങ്ങി
ഓമനേ, നിനക്കു വേണ്ടി,
ഞാന്‍ ഇരുമ്പുചന്തയില്‍ പോയി
ചങ്ങലകള്‍ വാങ്ങി
കനത്ത ചങ്ങലകള്‍
ഓമനേ, നിനക്കുവേണ്ടി
പിന്നെ ഞാന്‍ അടിമച്ചന്തയില്‍ പോയി
നിന്നെ അവിടെത്തിരഞ്ഞു
പക്ഷേ, കാണാനായില്ല
എന്റെ ഓമനേ..'' ഷ്‌ഴാക് പ്രെവേര്‍

''ഈ തോണി
എങ്ങോട്ട് പോയാലും
നീ ചിരിക്കാത്ത വന്‍കരകളിലൊക്കെ
എന്റെ
ഏകാന്തത പൂത്തിരിക്കും.'' ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

''മാസങ്ങള്‍ ദിവസങ്ങള്‍ മണിക്കൂറുകള്‍
അവന്‍ എന്നെ ചുറ്റിപ്പറ്റി നടന്നു
എന്നെ 'കൊച്ചുകരളേ' എന്നു വിളിച്ച്
എന്റെ മുലകളില്‍ കൈ വച്ചു
മണ്ണില്‍നിന്നു പൂച്ചെടി പിഴുതെടുക്കുംപോലെ
എന്നില്‍നിന്നൊരു വാഗ്ദാനം പിഴുതെടുത്തു
ചില്ലുകൂട്ടിലെ ചെടിയെ സംരക്ഷിക്കുംപോലെ
ആ വാഗ്ദാനത്തെ അവന്‍ പോറ്റിവളര്‍ത്തി
പൂ ഉടന്‍തന്നെ വാടിപ്പോയി
അവന്റെ കണ്ണുകള്‍ തുറിച്ചു പുറത്തുവന്നു
അവനെന്നെ രോഷത്തോടെ നോക്കി
എന്നെ ശകാരിച്ചു
പിന്നെ ഞാന്‍ വേറൊരാളെ കണ്ടുമുട്ടി
അവനെന്നെ മറവില്ലാതെ തുറിച്ചുനോക്കി
അവന് ഞാന്‍ അടിമുതല്‍ മുടിവരെ
അപ്പൊഴേ നഗ്നയായിരുന്നു
അവനെന്റെ ഉടുപ്പഴിച്ചപ്പോള്‍
ഞാന്‍ സമ്മതിച്ചുകൊടുത്തു
എനിക്കറിയില്ലായിരുന്നു
അവന്‍ ആരായിരുന്നുവെന്ന്.'' ഷ്‌ഴാക് പ്രെവേര്‍

''ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും.'' പത്മരാജന്‍

''നിന്നെ ഓര്‍ത്തതും
തടാകക്കരയില്‍
ഞാന്‍ പാര്‍ക്കുന്ന പഴയ മാളികയില്‍
പകലുറക്കത്തിലായിരുന്ന പ്രാവുകള്‍
ഒന്നിച്ചു ചിറകടിച്ചു;
മറ്റൊരു പ്രാവായ്
മാളിക പറന്നുയര്‍ന്നു.'' ടി.പി.രാജീവന്‍

''ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ..'' നന്ദിത

''നിറമിഴിനീരില്‍ മുങ്ങും തുളസിതന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ .'' ബാലചന്ദ്രന്‍ ചുള്ളിക്കാട്

''കൂട്ടകാരോടൊപ്പമിരുന്ന് സംസാരിക്കുമ്പോള്‍ ഞാന്‍
അവനെക്കുറിച്ചോര്‍ക്കുന്നു പെട്ടെന്ന് എനിക്ക് പിന്നെ
സംസാരിക്കാന്‍ കഴിയാതാവുന്നു അവര്‍ എന്നോടു ചോദിക്കുന്നു
എന്തു പറ്റി നീ വിളറിയിരിക്കുന്നതെന്താണ് ഞാന്‍ തളര്‍ച്ചയോടെ
തലകുലുക്കുന്നു ഒന്നുമില്ല ഒന്നുമില്ല... രാജാവിന്റെ അടുത്ത്
പോകരുതെന്ന് എനിക്ക് താക്കീത് നല്കിയിട്ടുണ്ടായിരുന്നു
എന്നാല്‍ ഞാന്‍ പോവുക തന്നെചെയ്തു. എന്നെ വിശ്വസിക്കു അവന്‍
വേറെ ഏതൊരു പുരുഷനെയുംപോലെ ഒരു പുരുഷനായിരുന്നു
അവന്‍ എന്നെ അവന്റെ മാറിടത്തോട് ചേര്‍ത്തുപിടിച്ചു അവന്‍
പറഞ്ഞു അവന്‍ എന്നെ സ്‌നേഹിച്ചിരുന്നുവെന്ന് ഞാന്‍
സന്തുഷ്ടയായിരുന്നു അവനും ആനന്ദഭരിതനാണെന്നു ഞാന്‍
അറിഞ്ഞു ഒരു വര്‍ഷത്തിനുശേഷം രക്തത്തിന്റെ ലാഞ്ഛന
കൂടാതെ രണ്ടു മഞ്ഞ ചന്ദ്രന്മാര്‍ വലുതാവുകയും ചുരുങ്ങുകയും
ചെയ്തു അവന്റെ മടിത്തട്ടില്‍ കിടന്ന് ഞാന്‍ അവനോട് പറഞ്ഞു.
അവന്റെ മനോഹരമായ മുഖത്ത് സൂര്യന്‍ അസ്തമിച്ചു എന്റെ
കാതുകളില്‍ അവന്റെ നിശ്വാസം കനമേറിയതായിരുന്നു അവന്‍
ഉരിയാടില്ല ഒരു വാക്കുപോലും
അവനിപ്പോള്‍ എന്റെ അടുത്ത് വരുന്നില്ല എന്റെ നേരെ പുഞ്ചിരി
പൊഴിക്കുവാന്‍ തുറന്നിട്ട ജാലകത്തിനരികില്‍ നില്‍ക്കുന്നില്ല
എന്നാല്‍ ഞാന്‍ നോക്കുന്നിടത്തെല്ലാം അവനെ കാണുന്നു ഞാന്‍
നോക്കാത്തിടത്തും അവനെ കാണുന്നു എല്ലാ വസ്തുക്കളിലും
അവനെ കാണുന്നു. സൂര്യാസ്തമനത്തില്‍ എന്റെ ആകാശത്തിനു
കുറുകെ വേഗത്തില്‍ പറന്നു പോകുന്ന ഒരു നീലപ്പക്ഷിയെപ്പോലെ...''മാധവിക്കുട്ടി

''കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടി
ജന്മാന്തരങ്ങളെക്കണ്ടുമൂര്‍ഛിച്ചതും,
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദ നാടകരംഗസ്മരണകള്‍ '' ബാലചന്ദ്രന്‍ ചുള്ളിക്കാട്

''ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട്
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍ ''വീരാന്‍കുട്ടി

''ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ടു
നീവരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി.
ഇരുളില്‍ നിന്‍സ്‌നേഹസുഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും.
വെറുതെ വെറുതെ നീ ക്‌നാവില്‍ കുളിരാതെ
കതിരുകളെങ്ങനെ പവിഴമാകും.
പ്രണയമേ നിന്‍ ചിലമ്പണിയാതെയെങ്ങനെ
കടലേഴുതിരകളാല്‍ കഥകളാടും.
പ്രിയതമേ നിന്‍സ്പര്‍ശമില്ലാതെയെങ്ങനെന്‍
വ്യഥിതമാം ജീവനിന്നമൃതമാകും.
ഹരിതമാമെന്റെ മനസ്സില്‍ നീ വാസന്ത
സുരഭിയാം തെന്നലായ് വീശിടുമ്പോള്‍
സരളമായൊരുഗാനമാകുമീഭൂമിയാ
മരണവുമതുകേട്ടു നില്‍ക്കുമല്ലോ
ഹൃദയമേ നീ പുണര്‍ന്നീ നിഴല്‍ക്കുത്തിനെ
നിറജീവദീപമായ് ദീപ്തമാക്കൂ.''ഡി. വിനയചന്ദ്രന്‍

''മഴ നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
മഴ പെയ്യുമ്പോള്‍ പക്ഷേ നീ കുട നിവര്‍ക്കുന്നു.
വെയിലു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
വെയിലു വീഴുമ്പോള്‍ പക്ഷേ നീ തണലു നോക്കിപ്പോകുന്നു.
കാറ്റു നിനക്കിഷ്ടമാണെന്നു നീ പറയുന്നു,
കാറ്റു വീശുമ്പോള്‍ പക്ഷേ നീ ജനാലകളടയ്ക്കുന്നു.
അതുകൊണ്ടാണെനിക്കു ഭയം,
നിനക്കെന്നെ ഇഷ്ടമാണെന്നു നീ പറയുമ്പോഴും..
അരുണ്‍

No comments:

Post a Comment